വിക്ടോറിയ തടാകത്തെ കുറിച്ച് നാട് വിടും മുന്‍പേ ഒരുപാട് കേട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം. റിച്ചാര്‍ഡ് ബര്ടനും ജോണ്‍ ഹാനിംഗ് സ്പെകെയും കൂടി നടത്തിയ നൈല്‍ നദിയുടെ ഉല്‍ഭവം തേടിയുള്ള സാഹസിക യാത്ര അവസാനിച്ചത് വിക്ടോറിയ തടാകത്തിലാണെന്നും കേട്ടിരുന്നു..
ദക്ഷിണാഫ്രികയിലെ മസേരുവില്‍ നിന്നും 1994 ലാണ് ഞാന്‍ ആദ്യമായി ടാന്‍സാനിയയില്‍ എത്തുന്നത്.. ഉത്തര ടാന്‍സാനിയയിലെ മുവാന്സ എന്ന നഗരതിലായിഇരുന്നു എന്റെ ആദ്യത്തെ ജോലി.. ടാന്‍സനിയയുടെ തലസ്ഥാനമായ ദാര്‍ എസ്സ് സലാം ല്‍ നിന്നും മുവാന്സയിലെക്കുള്ള വിമാന യാത്രക്ക് രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യം ..ആദ്യമായി വിക്ടോറിയ തടാകം കാണുന്നതപ്പോഴാണ്. തടാകത്തിന്റെ ആകാശ ദൃശ്യം അതീവ ഹൃദ്യം .. മുവാന്സ എയര്‍ പോര്‍ട്ട് തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കൊച്ചു കൊച്ചു ദ്വീപുകളും മനോഹരമായ പാറക്കൂട്ടങ്ങളും തടാകത്തിന്റെ ആകര്ഷണങ്ങളണ്.. എന്നാല്‍ ആ ആകാശ ദൃശ്യം അധികനേരം ആസ്വദിക്കാനായില്ല... എന്തെന്നാല്‍ മുവാന്സ എയര്‍പോര്‍ട്ട് തടാകത്തിന്റെ തീരത്താണ്.. വിമാനം ലാന്‍ഡ് ചെയാനോരുങ്ങുമ്പോള് നമ്മള് കര കാണുന്നില്ല.. നിലം തൊടുന്നതിനു തൊട്ടു മുന്‍പാണ് നാം കര കാണുന്നത്.. അതിനു ശേഷം ഒരുപാടു തവണ മുവന്സ എയര്‍പോര്‍ട്ട് ല്‍ ഇറങ്ങിയിട്ടുന്ടെങ്ങിലും, ഈ ഭീതി ഒരിക്കലും എന്നെ വിട്ടു മാറിയിരുന്നില്ല... വിക്ടോറിയ തടാകതിലേക്കെന്ന പോലെ ഇറങ്ങുന്ന വിമാനം അവസാന നിമിഷം ഒരു കുതിപ്പോടെ, ഒരു വിറയലോടെ ഭൂമിയെ തൊടുന്നു
പിന്നീട് വളരെഏറെ വര്‍ഷക്കാലം വിക്ടോറിയ തടാകം എന്റെ ജീവിതത്തിന്റെയും തൊഴിലിന്റെയും ഭാഗമായി മാറി. എങ്കിലും വിശാലമായ ആ ജലാശയം എനിക്കെപ്പോഴും ദുര്‍ഗ്രാഹ്യമായ ഒരനുഭവം ആയിരുന്നു .. പിടി കിട്ടാത്ത എന്തോ ഒരു രഹസ്യം അത് സൂക്ഷിച്ചു വച്ചിരിക്കുന്നത് പോലെ..
കടല്‍ പോലെ വിശാലമായ തടാകം സമുദ്ര നിരപ്പിന്റെ 1000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് കേരളത്തിന്റെ ഇരട്ടി വലിപ്പം.. ഈ ശുദ്ധജലസമുച്ചയം പൂര്‍വ ആഫ്രികയിലെ മൂന്നു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു .. .. 1858 ലാണ് മുന്‍പ് പറഞ്ഞ സായിപ്പന്മാര് നൈല്‍ നദിയുടെ ഉദ്ഭവം അന്വേഷിച്ചുള്ള യാത്രക്കൊടുവില്‍ ഇസാമിലോ മലനിരകളില്‍ നിന്നും ആദ്യമായി ഈ ജലാശയം കാണുന്നത്... കൃത്യമായി അതിനു രാജ്ഞിയുടെ പേരിടുകയും ചെയ്തു.
റുവാണ്ട ജെനോസൈഡിനു ശേഷമാണ് തടാകവുംആയുള്ള എന്റെ ആദ്യത്തെ പീഡാനുഭവം .. അന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഒരു ചരക്കു നീക്ക താവളം സ്ഥാപിക്കുവാന്‍ കഹാമ എന്ന സ്ഥലത്ത് ഏതാണ്ട് ഒരു ആറു മാസക്കാലം എനിക്ക് താമസിക്കേണ്ടി വന്നു. ദാര്‍ എസ്സ് സലാം ല്‍ നിന്നും തീവണ്ടി മാര്‍ഗം വരുന്ന അഭയാര്ദ്ധികള്ക്കുള്ള ഭക്ഷണ വസ്തുക്കള്‍ ഗാര എന്ന സ്ഥലത്തെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിക്കുക എന്നതായിരുന്നു ദൌത്യം. നൂറു കണക്കിന് ട്രക്കുകളുടെ മേല്‍നോട്ടം. ഒരിക്കല്‍ അഭയാര്‍ഥി ക്യാമ്പ് കാണുവാനുള്ള എന്റെ ആഗ്രഹം അന്നത്തെ WFP യുടെ പ്രാദേശിക ഡയറക്ടര്‍ ആയ ലൂയിയോടു പ്രകടിപ്പിച്ചു .. ലൂയി എനിക്ക് പിതൃ തുല്യനായിരുന്നു..
അങ്ങിനെയാണ് ഒരു ഞായറാഴ്ച ഞാന്‍ ഗാരയില്‍ ആദ്യമായി പോകുന്നത് (പിന്നീടു അനേകം തവണ അവിടെ പോകേണ്ടി വന്നിട്ട്ുന്ടെന്നതു ഉദ്യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു). ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് ആയിരുന്നു അന്നു ഗാര ക്യാമ്പ്. കണ്ണെത്താ ദൂരത്തോളം ഗാര മലനിരകള്‍ നിറയെ അഭയാര്‍ഥികളുടെ ക്യാമ്പ്കള്‍ .. അന്നത്തെ ക്യാമ്പ് ഡയറക്ടര്‍ എന്നെ റുസുമു വെള്ളച്ചാട്ടം കാണിക്കാന്‍ കൊണ്ടുപോയി.. ടാന്സനിയയുടെയും റുവാണ്ടയുടെയും അതിര്‍ത്തിയിലാണ് റുസുമു വെള്ളച്ചാട്ടം .. കഗേര നദിയാണ് റുസുമുവില് പതിക്കുന്നത്. ബുറുണ്ടിയില്‍ ഉറവെടുത്തു റുവാണ്ടയിലൂടെ ഒഴുകി ഒടുവില്‍ ആ നദി വിക്ടോറിയ തടാകത്തില്‍ എത്തിച്ചേരുന്നു. കഗേരയിലെ വെള്ളം അങ്ങനെ നൈല്ലൂടെ ഒഴുകി മദ്ധ്യധരന്യാഴിയില് എത്തുന്നുവെന്ന് ഭൂമിശാസ്ത്രം.. !
റുസുമു പാലത്തിനു മുകളില്‍ നിന്നുകൊണ്ട് അംബ്രോസ് കാസെക്ക എന്ന ക്യാമ്പ് ഡയറക്ടര്‍ താന്‍ അവിടെ ആറു മാസം മുന്‍പ് കണ്ട ദ്രിശ്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ഹൂട്ടു വംശത്തില്‍ പെട്ട ഏതാണ്ട് എട്ടു ലക്ഷം പെരയാണ് അന്ന് റുവാണ്ടയില്‍ കൂട്ടക്കൊല നടത്തിയത്. വെടി വെച്ചും വെട്ടിയും കുത്തിയും കഴുത് ഞെരിച്ചും കൊലപ്പെടുത്തുന്ന ഹുട്ടുകളുടെ മൃതദേഹങ്ങളെ കഗേര നടിയിലെക്കാന് തള്ളിയിരുന്നത്. ആ പാലത്തിനു മുകളില്‍ സിഗരറ്റും പുകച്ചു കൊണ്ട് വെള്ളച്ചട്ടതിലൂടെ ഒഴുകിവന്ന ആയിരക്കണക്കിന് മൃതദേഹങ്ങള്‍ നേരില്‍ കണ്ട കാഴ്ച കസേക്ക നിസംഗതനായി വിവരിച്ചു കൊണ്ടിരുന്നു.. എനിക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍.. പിന്നീട് മുവന്സയില്‍ വന്നപ്പോള്‍ തടാകതോട് ഞാന്‍ ചോദിച്ചു “ഇത്രയും മൃതദേഹങ്ങളെ നീ നൈല്ലേക്ക് ഒഴുക്കി കളഞ്ഞിട്ടും , എന്തേ ഈ നിസംഗത ?” ഞാനിതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍ ജലാശയം പൂര്‍വാധികം സൌന്ദര്യത്തോടെ നിശ്ചലയായി നില്കുന്നു..
പിന്നീട് വിക്ടോറിയയോട് കലഹിക്കാനുള്ള വളരെ ആകസ്മികമായ ഒരു കാരണ്ണം, എന്റെ ഗുരു തുല്യനയിരുന്ന ആന്ധ്രക്കാരന് വി വി എല്‍ എന്‍ സ്വാമിയുടെ മരണമാണ് .. സ്വാമി ഒരു ജിയോളജിസ്റ്റ് ആയിരുന്നു.. പൊതുവേ സാഹസികനയിരുന്ന സ്വാമി ലേക്കില്‍ ഒരു പര്യവേക്ഷണത്തിന് ഒരു ചെറു വഞ്ചിയുമായി ഒരു പ്രഭാതത്തില്‍ യാത്ര ആരംഭിച്ചു.. തടാകത്തില്‍ സ്വര്‍ണ നിക്ഷേപം ഉണ്ടെന്നു സ്വാമിക്ക് ഉറപ്പായിരുന്നു.. എന്നാല്‍ കരയില്‍ നിന്നും അധികം ദൂരെയല്ലാതെ സ്വാമി സഞ്ചരിച്ചിരുന്ന വഞ്ചി മുങ്ങുകയും രണ്ടാം ദിവസം മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സ്വാമിയക് നന്നായി നീന്തല്‍ അറിയാമായിരുന്നു.. എങ്കിലും അദ്ധേഹത്തെ വിക്ടോറിയ കൊണ്ടുപോയി... അന്ന് കാപ്രി പൊയന്റില്‍ നിന്നും ദുര്ഖടമായ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു, ജലാശയത്തില്‍ സ്വാമി മുങ്ങിയ സ്ഥാനവും നോക്കിയിരുന്നു ഒരുപാട് കരഞ്ഞു.. !
പറഞ്ഞു പറഞ്ഞു ഞാന്‍ എവിടെയൊക്കെ എത്തി.. പറയാനുദ്ദേശിച്ചത് ഇതൊന്നുമല്ല.
പറയാനുദ്ദേശിച്ചത് മദ്യം കനിഞ്ഞു നല്കിയ എന്റെ ശിഷ്ടജീവിതത്തെക്കുറിച്ചാണ്..
വിക്ടോറിയ തടാകത്തിന്റെ കിഴക്കേ തീരത്തുള്ള ബുകൊബ എന്ന നഗരം സ്ഥിതി ചെയ്യുന്നത് ഉഗാണ്ടയുടെ അതിര്തിക്കടുതാണ്. മുവന്സയില്‍ നിന്നും മാസത്തിലോരിക്കല്‍ ജോലി സംബന്ധമായി അക്കാലത്തു എനിക്ക് ബുകൊബയ്കു പോകേണ്ടി വരുമായിരുന്നു. മുവന്സയില്‍ നിന്നും ബുകൊബയിലേക്ക് പോകാനുള്ള ഏക മാര്‍ഗം തടാകം വഴിയാണ്. എം വി ബുകൊബ എന്നാ കപ്പലാണ് യാത്രക്കാരെയും ചരക്കുകളും കടത്തുന്നത്. എം വി ബുകൊബയുടെ സഞ്ചാരം രാത്രിയിലാണ്. മുവാന്സയില് നിന്നും വൈകീട്ട് പുറപ്പെടുന്ന കപ്പല്‍ രാത്രി മുഴുവന്‍ സഞ്ചരിച്ച ശേഷം രാവിലെ ബുകൊബയില്‍ എത്തുന്നു. പിന്നീട് ബുകൊബയില്‍ നിന്നും രാത്രി പുറപ്പെടുന്ന കപ്പല്‍ രാവിലെ മുവന്സയില്‍ എത്തുന്നു.
1996 മെയ് 19 ഞായറാഴ്ച വൈകുന്നേരം എം വി ബുകൊബയില്‍ ഞാന്‍ ബുകൊബയ്കു യാത്രയായി. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നതിനാല്‍ യാത്ര സുഖകരമാക്കാനുള്ള ചില കലാപരിപാടികളൊക്കെ എനിക്ക് വശമായിരുന്നു. കപ്പലിലെ ഫസ്റ്റ് ഓഫീസര്‍ ആയ കുരൂസുവിനെ ഞാന്‍ മുവന്സയില്‍ വച്ച് കപ്പല്‍ പുറപ്പെടുന്നതിനു മുന്‍പേ കണ്ടിരുന്നു. കുരൂസുവിനു ഇരുപതു ഡോളര്‍ കൊടുത്താല്‍ അദ്ധേഹത്തിന്റെ കാബിന് നമുക്ക് തരും. ചെറുതെങ്കിലും എല്ലാ സൌകര്യങ്ങളും ഉള്ള കാബിന് ആണ് ഫസ്റ്റ് ഓഫീസര്ടെത്. എല്ലാ യാത്രയിലും ഞാന്‍ കുരുസുവിന്റെ കാബിന് ഇങ്ങനെ വാങ്ങാറുണ്ട്. അത്യാവശ്യം വായന ശീലമുള്ള കുരുസുവിന്റെ കാബിന്ല്‍ സാങ്കേതികമായവയ്ക് പുറമേ കുറേ സാഹിത്യ കൃതികളും കാണാം. രുഹുംബിക എന്ന ടാന്‍സാനിയന്‍ നോവലിസ്റ്റിന്റെ പല പൈങ്കിളി നോവലുകളും ഞാന്‍ ആദ്യമായി വായിക്കുന്നത് കുരുസുവിന്റെ കാബിന്ല്‍ ബുകൊബ യാത്രകള്‍ക്കിടയിലാണ്.
കപ്പലില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. താഴത്തെ തട്ടില്‍ ചരക്കും മൂന്നാം ക്ലാസ്സ് യാത്രക്കാരും തിങ്ങിയിരിക്കുന്നു. പ്രാഥമിക സൌകര്യങ്ങളില്‍ വലിയ വിശ്വസമോന്നുമില്ലാത്ത ചെറുകിട കച്ചവടക്കാരന് കൂടുതലും മൂന്നാം ക്ലാസ്സില്‍ യാത്ര ചെയ്യുന്നത്. പരസ്പരം ശകാരിച്ചും, ശപിച്ചും അവര്‍ താഴത്തെ തട്ടില്‍ ഇരുന്നും കിടന്നും, ചിലപ്പൊഴ് നിന്നും യാത്ര ചെയ്യും. അല്പം കൂടെ സൌകര്യമുള്ളവര്‍ രണ്ടാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും കയറിപറ്റും. കാശ് മുടക്കാന്‍ കഴിയുന്നവര്‍ ജീവനക്കാരുടെ കാബിന്കള് കൂടുതല്‍ പണം കൊടുത്തു സംഘടിപ്പിച്ചു സുഖമായി ഉറങ്ങി യാത്ര ചെയ്യും.
വിക്ടോറിയ തടാകത്തില്‍ നിന്നും മുവന്സയുടെ മാസ്മരിക ദൃശ്യം കാണാം. ഇസാമിലോ , ബുഗണ്ടോ എന്നീ കുന്നുകളിലെ കൊച്ചു കൊച്ചു വെളിച്ചങ്ങള്‍ മെല്ലെ മിന്നാമിനുങ്ങിന് കൂട്ടം പോലെ അകന്നകന്നു പോകുന്നു.. പിന്നീട് ചുറ്റും അന്ധകാരം മാത്രം.. കപ്പല്‍ പുറപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഡെക്കില്‍ ചെന്ന് കുരുസുവിന്റെ കയ്യില്‍ നിന്നും ക്യാബിന്റെ താക്കോല്‍ വാങ്ങി. ബാഗും മറ്റും കാബിന്ല്‍ വെച്ച ശേഷം ഞാന്‍ ഫസ്റ്റ് ക്ലാസിലെ ബാര്‍ലേക്ക് പോയി, ബിയറും വാങ്ങി പുറത്തു അനന്തമായ അന്തകാരത്തിലേക്ക് നോക്കി നിന്നു, ജീവിതത്തെയും മരണത്തെയും, അതിന്റെ അര്ദ്ധതെയും അര്ദ്ധമില്ലയ്മയും കുറിച്ച് ഒരുപാട് ചിന്തിച്ചു ... (അക്കാലത്തു ഒറ്റയ്ക്ക് മദ്യപിച്ചാല്‍ ഉണ്ടാവുന്ന ഒരു രോഗം ആയിരന്നു അത്)... പിന്നീടെപ്പോഴോ കാബിനിലേക്ക് പോയി. രാവിലെ കുരുസുവാന് വാതിലില്‍ തട്ടി എഴുന്നെല്പിച്ചത്. കപ്പല്‍ അപ്പോള്‍ കേമോണ്ടോ ബേ കടന്നു ബുകൊബയിലെക്കുള്ള യാത്ര ആരംഭിച്ചിരുന്നു.. മെല്ലെ മെല്ലെ പ്രഭാതം തടാകത്തിനു മീതെ വിടരുന്നു.. അകലെ മൂടല്‍ മഞ്ഞിന്റെ ആവരണം കീറി മെല്ലെ ബുകൊബ നഗരം പുറത്തു വരുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റ്..
കുരൂസ്വിനു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ ബുകൊബയില്‍ ഇറങ്ങി നേരെ ഓഫീസിലേക്ക് പോയി..
അന്നത്തെ പകല്‍ തിരക്കിലായിരുന്നു. വൈകുന്നേരത്തെ എം വി ബുകൊബയില്‍ തിരിച്ചു മുവന്സയ്കു പോകാനുള്ള ടിക്കറ്റ് നേരത്തെ വാങ്ങിയിട്ടുണ്ടായിരുന്നു. കുരുസുവിന്റെ കാബിനും ബുക്ക് ചെയ്തിരുന്നു. ഏഴ് മണിക്കാണ് കപ്പല്‍ ബുകൊബയില്‍ നിന്നും മടക്ക യാത്ര ആരംഭിക്കുന്നത്.
അഞ്ചു മണിയോടെ ജോലിയൊക്കെ മടക്കികെട്ടി ഞാനും നാല് സഹപ്രവര്‍ത്തകരും കൂടി ലെഇക് ഹോട്ടലിലെ ബാറിലെത്തി. അത് സ്ഥിരം ചടങ്ങാണ്. അനൌദ്യോഗിക ചര്‍ച്ചകളും പരദൂഷനവുമെല്ലാം ലെഇക് ഹോട്ടലിലെ തടാക തീരത്തുള്ള ബാറില്‍ വെച്ചാണ്.. ഇപ്പോഴും ഒര്കുന്നു, അന്ന് ടാന്‍സാനിയന്‍ നാടന്‍ മദ്യമായ കൊന്യഗിയാണ് കഴിച്ചത്. ഞങ്ങളുടെ ട്രാന്‍സ്പോര്‍ട്ട് മാനേജര്‍ ആലോയ്സ് ആണ് അന്ന് ഉല്സാഹ കമ്മിറ്റി നടത്തുന്നത്. ഭാര്യ ഉപേക്ഷിച്ചു പോയതിന്റെ ഒരു ഹാങ്ങ് ഓവറിലായിരുന്നു അദ്ദേഹം അന്ന്.. മൂന്നു കുട്ടികളെയും തന്നെയും തനിച്ചാക്കി ഒരു കാപ്പി കച്ചവടക്കാരന്റെ കൂടെ അവള് ഉഗാണ്ടയ്കു കടന്നു കളഞ്ഞു.. സ്ത്രീകളെ എത്ര വേണമെങ്കിലും കിട്ടും എന്നാല്‍ കുട്ടികളെ കിട്ടില്ല അതിനാല്‍ കുട്ടികളെ നല്ലോണം നോക്കിക്കോ എന്നൊക്കെ ഞാന്‍ ഉപദേശിച്ചതായോര്ക്കുന്നു (ഇന്ന് പലരും എനിക്ക് തരുന്ന അതെ ഉപദേശം..) ഞങ്ങളുടെ ഡ്രൈവര്‍ മരികി, രണ്ടെണ്ണം ചെന്നാല്‍ പിന്നെ പാട്ട് തുടങ്ങും... അതും സുകുമാ ഭാഷയില്‍.. കൊന്യഗി കുപ്പികള്‍ ഒന്നൊന്നായി ഒഴിഞ്ഞു.. ആലോയ്സിന്റെ കരച്ചിലും, മരികിയുടെ പാട്ടും മറ്റു രണ്ടു പേരുടെ ബോറടിപ്പിക്കുന്ന നിശബ്ദതയുമോക്കെയായി സമയം പോയതറിഞ്ഞില്ല.. പെട്ടെന്ന് വച്ച് നോക്കിയ മത്തിയാസ് ആണ് സമയത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്.. ആറര കഴിഞ്ഞിരിക്കുന്നു.. എഴ്നു കപ്പല്‍ പുറപ്പെടും. എന്നാല്‍ ലെഇക് ഹോട്ടലില്‍ നിന്നും പോര്‍ട്ട് ലേക്ക് അഞ്ചു മിനിട്ട് മതി. മാത്രമല്ല, ടിക്കെട്ടും കുരുസുവിന്റെ കാബിന് ഉം നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടല്ലോ.. അതിനാല്‍ ഒരു അവസാനത്തെ റൌണ്ടും കൂടെയാകമെന്നു ആരോ പറഞ്ഞു. അങ്ങനെ ആ അവസാനത്തെ റൌണ്ടും കഴിഞ്ഞു സകല സന്നാഹങ്ങളോടെ മരികി തന്റെ ലാന്‍ഡ് റോവര്‍ പോര്‍ട്ടു ലക്ഷ്യമാകി വിട്ടു..
എത്ര കൊന്യഗി കുപ്പികള്‍ അന്ന് ഒഴിഞ്ഞിട്ടുണ്ടയിരുന്നുവെന്നു കണക്കില്ല.. പോര്‍ട്ടില്‍ ഇറങ്ങി ബെര്ത്ത്ലേക്ക് ഞാന്‍ ഓടി.. കപ്പലിന്റെ സൈറന്‍ കടല്‍ കാറ്റിനോടൊപ്പം ചീറി വരുന്നുണ്ടായിരുന്നു. കപ്പല്‍ ബെര്‍ത്ത് വിട്ടിട്ട് ഒരു രണ്ടു മിനിട്ടയിട്ടുണ്ടയിരുന്നില്ല.. ലൈഫ് ബോയ്കള്‍ ബെര്തിലെ സ്പര്‍ശനം അപ്പോഴും വിട്ടിട്ടുണ്ടയിരുന്നില്ല. കപ്പല്‍ ജീവനക്കാര്‍ ഏണി വലിച്ചു കയറ്റുന്നു.. ഞാന്‍ ബെര്‍ത്തില്‍ നിന്നും അലറി വിളിച്ചെങ്കിലും, കപ്പല്‍ അപ്പോഴേക്കും തുറമുഖം വിട്ടു പോയ്കഴിഞ്ഞിരുന്നു.
ഏതായാലും കപ്പല്‍ പോയി.. ഇനി ബാറിലേക്ക് പോയി ഓരോന്നു കൂടി വിടാമെന്ന് പറഞ്ഞത് ആലോയ്സ് ആണ്..
അന്ന് രാത്രി ലെഇക് ഹോട്ടലില്‍ മുറിയെടുത്തു....
ഭീകരമായ ഹാങ്ങ് ഓവറിന്റെ ഹാലോ തലയ്ക് ചുറ്റും പറക്കുന്നു.. വാതിലില്‍ മുട്ടിയത് ആലോയ് ആണ്.. എട്ടു മണിഎങ്കിലും ആയിട്ടുണ്ടാവും... വാതില്‍ തുറന്നതും ആലോയ്സ് എന്നെ കെട്ടിപിടിച്ചു ഒരൊറ്റ കരച്ചില്.. ആഫ്രിക്കക്കാര്‍ക്ക് ഒരു കുഴപ്പമുണ്ട്.. കരഞ്ഞാലും ചിരിച്ചാലും ഉടനെ നിറുത്തില്ല. കരച്ചിലിനു ഒടുവില്‍ ആലോയ്സ് കാര്യം പറഞ്ഞു. എം വി ബുകൊബ തടാകത്തില്‍ മുങ്ങി .. മുവന്സയില്‍ നിന്നും ഏതാണ്ട് അമ്പതു കിലോമീറ്റര്‍ മുന്‍പ്.. ഇപ്പോള്‍ തടാകത്തില്‍ അത് കീഴ്മെലായി മറിഞ്ഞു കിടക്കുകയാണ്.... രക്ഷ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു...
“Rest is History´ എന്ന് സായിപ്പന്മാര് പറയും.. എം വി ബുകൊബ അപകടത്തില്‍ ആയിരത്തിലധികം പേര് മരിച്ചു.. കപ്പല്‍ തലകീഴായി മറിഞ്ഞതിനാല്‍ യാത്രക്കാര്‍ കപ്പലിനുള്ളില്‍ കുടുങ്ങി പതിയെ മരണത്തെ പുണരുകയായിരുന്നു.. രക്ഷ പ്രവര്‍ത്തകര്‍ക് കപ്പലിനുള്ളില്‍ നിന്നുമുള്ള കരച്ചില് കേഴ്ക്കമായിരുന്നു.. എങ്കിലും ആര്‍കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല... ഒഴുകി വന്നതൊഴിച്ചാല്‍ ഭൂരിപക്ഷം മൃതദേഹങ്ങളും കപ്പലിനോടൊപ്പം തടാകത്തിന്റെ അടിത്തട്ടില്‍ നിത്യ വിശ്രമത്തിലായി. അവരുടെ സ്മാരകമെന്നോണം കപ്പല്‍ മുങ്ങിയ സ്ഥലത്ത് ടാന്‍സാനിയന്‍ ഗവന്മേന്റ്റ് ഒരു ബോര്‍ഡ് സ്ഥാപിച്ചു; “Graveyard of the victims who have drowned in the tragic accident of M V Bukoba on 21st May 1996”
ആ ദിവസം ഞാന്‍ മദ്യപാനം നിറുത്തി.,..
- ഹരി സുകുമാരന്‍
Great Experiance. Touching Narration.
ReplyDeleteഎന്തെ കൂടുതല്‍ എഴുതാഞ്ഞു??വളരെ നന്നായിരിക്കുന്നു. ഹൃദയസ്പര്‍ശി......സസ്നേഹം
ReplyDeleteമനസ്സില്‍ തങ്ങി നില്ക്കുന്നു.ഇനിയും എഴുതൂ.......
ReplyDeleteമാതൃഭൂമി ആഴ്ച്ച്പ്പതിപ്പിൽ നിന്നാണു ഇത് ഞാൻ ആദ്യം വായിച്ചത്..വളരെ ഹൃദ്യമായ ഭാഷ. അതുകൊണ്ട് തന്നെ പ്രതീക്ഷകളോടെയാണ് ബ്ളോഗിൽ കയറിയത്. പക്ഷേ എന്നെ നിരാശനാക്കിയല്ലോ...എന്തെ പിന്നീട് എഴുതാഞ്ഞത്..ഇനിയും എഴുതണം
ReplyDeleteheart tuch righting
ReplyDeleterighting again